Saturday, July 4, 2009

സിനിമയും, ജീവിതവും.

മലയാള സിനിമയിലെ നെടും തുണുകള്‍ ആര് എന്ന ചോദ്യം ഒരു ഇരുപത് ഇരുപത്തഞ്ച് വര്‍ഷം പിന്നിലേക്കിറങ്ങി ചെന്നു ചോദിച്ചിരുന്നു എങ്കില്‍ ഒരുപക്ഷെ പെട്ടെന്നു കിട്ടുന്ന ഉത്തരങ്ങള്‍ കുഞ്ചാക്കോ എന്നോ, നവോദയ അപ്പച്ചന്‍ എന്നോ ആകുമായിരുന്നു. അന്ന് പണം മുടക്കുന്നവന്റെ ആയിരുന്നു സിനിമ. പിന്നെ എണ്‍പതുകളുടെ അവസാനത്തില്‍ സിനിമയുടെ തലതൊട്ടപ്പന്‍ സ്ഥാനം സംവിധായകരിലേക്ക് കൈമറ്റപ്പെട്ടു. ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരെ പോലെയുള്ള സര്‍ഗ്ഗ പ്രതിഭകള്‍ക്ക് മുന്നില്‍ മറ്റ് വിഭാഗങ്ങള്‍ നിഷ്പ്രഭരായി എന്നു പറയുന്നതാവും കൂ‍ടുതല്‍ ശരി.

ഭരതന്റെ, പത്മരാജന്റെ, ഐ വി ശശിയുടെ, ഫാസിലിന്റെ നിഴല്‍ പറ്റി അവരുടെ പ്രതിഭയെ കറന്നു കുടിച്ച് ഉയര്‍ന്നു വന്ന മമ്മൂട്ടിയും, മോഹന്‍ലാലും മലയാള സിനിമയുടെ അഭിവാജ്യ ഘടകങ്ങള്‍ ആയത് വളരെ പെട്ടെന്നാണ്. ഉയര്‍ച്ചയുടെ പാരമ്യതയില്‍ തങ്ങളുടെ ഗുരുക്കന്മാരെ പോലും പുറം കാലുകൊണ്ട് ചവിട്ടി അരച്ച് താര സിംഹാസനവും അതുവഴി മലയാള സിനിമയെ തന്നെ തങ്ങളുടെ ഏറാന്മൂളികള്‍ ആക്കാനും ഈ നടന്മാര്‍ക്ക് സാധിച്ചു എന്നത് പകല്‍ പോലെ വ്യക്തം. അടുത്ത കാലത്ത് ഐ വി ശശി നിര്‍മ്മിച്ച ബല്‍‌റാം vs താരാദാസ് എന്ന ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് അദ്ധേഹത്തിന്റെ ചില വെളിപ്പെടുത്തലുകള്‍ തന്നെ ഇതിന് ഉത്തമ ഉദാഹരണം.

സിനിമ എന്ന പണം വാരി / കുത്തുപാളയെടുക്കല്‍ ബിസിനെസ്സിന് തീര്‍ച്ചയായും താരപ്രഭ ഒരു അവിഭാജ്യ ഘടകം തന്നെയാണ്. പക്ഷെ അതിന്റെ നന്മയേയും, തിനമയേയും നേരിട്ടനുഭവിക്കാന്‍ വിധിക്കപ്പെട്ട നിര്‍മ്മാതാക്കളെ ഒരു മൂലക്കിരുത്തി, തന്റെ സിനിമ ആര് സംവിധാനം ചെയ്യണമെന്നും, അതിന്റെ കഥ എങ്ങനെ ആയിരിക്കണമെന്നും വിധിക്കുന്നിടം വരെ എത്തി സൂപ്പര്‍ മെഗാസ്റ്റാറുകളുടെ പ്രകടനം. തന്റെ ശരീര ഭാഷക്കോ, അഭിനയ സിദ്ധിക്കോ വഴങ്ങാത്ത കോമാളി വേഷങ്ങള്‍ എടുത്താടി മലയാള സിനിമയേയും, നിര്‍മ്മാതാവിനേയും, സംവിധായകനേയും എന്തിന് സൂപ്പര്‍സ്റ്റാര്‍ സിനിമയെന്ന സിദ്ധൌഷധത്തിന് കണ്ണും നട്ടിരിക്കുന്ന പാവം ജനം വരെ വഞ്ചിക്കപ്പെടുന്നു ഇവിടെ. ഇതൊക്കെ ചെയ്യുമ്പോഴും തന്റെ പ്രതിഫലം ഒരു നായാപൈസ കുറയാതെ (പടം പൊട്ടി നിര്‍മ്മാതാവ് ആത്മഹത്യ ചെയ്താല്‍ റീത്ത് വാങ്ങനുള്ള പൈസ ഉള്‍പ്പെടെ)എണ്ണിവാങ്ങി പോക്കറ്റിലിടാനും ഇവര്‍ മറക്കാറില്ല.

ഇനിയുള്ളത് ഫാന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന പേക്കൂത്തുകളാണ്. രജനീകാന്തിനേയും, പ്രഭുവിനേയും ഒക്കെ അന്ധമായി ആരാധിക്കുന്ന തമിഴ് ജനതയെ അവരുടെ വിവരമില്ലായമയെ പറഞ്ഞ് പുശ്ചിച്ച മലയാളി അറുപത് പിന്നിട്ട മമ്മൂട്ടിക്കും, അന്‍പതുകള്‍ പിന്നിട്ട മോഹന്‍ലാലിനും, സുരേഷ് ഗോപിക്കും ഫാനസ് അസോസിയേഷനുകള്‍ തീര്‍ത്ത് അവരെ കവലകളില്‍ വച്ച് പൂജിച്ച് ആള്‍ ദൈവങ്ങള്‍ ആക്കുന്ന ലജ്ജാവഹമായ കാഴ്ച്ചകളും അഭിനവ കേരളം കണ്ടുകൊണ്ടിരിക്കുന്നു. ഗുണ്ടാ സംഘങ്ങളെ പോലെ പരസ്പരം പോരടിക്കുന്ന ഇവര്‍ മൂലം മനസമാധാനമായി കുടുഃബവും ഒന്നിച്ച് സിനിമ കാണാന്‍ പോകാന്‍ കഴിയാത്ത അവസ്ഥ. തന്റെ സിനിമയ്ക്ക് കൈയ്യടിക്കാനും ,തന്റെ എതിരാളിയുടെ സിനിമയ്ക്ക് കൂവാനും ഫാന്‍സ് സംഘടനകളെ നമ്മുടെ സൂപ്രന്മാര്‍ ഉപയോഗിക്കുന്നു എന്ന സിനിമാ പിന്നാമ്പുറ വാര്‍ത്തകള്‍ കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സൂപറും, ഡ്യൂപ്പറും ആകുവാന്‍ വേണ്ടി കളിക്കുന്ന തരം താണ പൊറാട്ടു നാടകം വ്യക്തം. തങ്ങള്‍ വളര്‍ത്തിയ ഫാന്‍സ് തങ്ങള്‍ക്ക് തന്നെ പാരയാവുന്നതും ചിലയിടങ്ങളില്‍ നമ്മള്‍ കാണുകയുണ്ടായി. മമ്മൂട്ടിക്കും, മോഹന്‍ലാലിനും അരാധനാശല്യം സഹിക്കവയ്യാതെ കൈവെക്കേണ്ടി വന്നു ചിലയിടങ്ങളില്‍.

ഈയുള്ളവന് രണ്ടനുഭവങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ ചങ്ങനാശേരി അഭിനയില്‍ നസ്രാണി എന്ന തല്ലിപ്പൊളി പടം കാണാന്‍ വിധിക്കപ്പെട്ട ഞാന്‍ മെഗാസ്റ്റാറിന്റെ അരങ്ങേറ്റം കണ്ട് ഫാന്‍സ്‌കാര്‍ കാണിക്കുന്ന കൂത്തുകള്‍ കണ്ട് ഞെട്ടി. അറുപത്തഞ്ച് വയസായ യുവാവ് തന്റെ കൊച്ചുമകളാകാന്‍ പ്രായമുള്ള നായികയെ കെട്ടിപ്പിടിക്കുന്നതു കണ്ട് ആരാധകര്‍ പുറപ്പെടുവിക്കുന്ന ദ്വയാര്‍ത്ഥ കമന്റുകള്‍ കേള്‍ക്കാന്‍ ത്രാണിയില്ലാതെ ചെവി പൊത്തുന്ന അമ്മപെങ്ങന്മാര്‍. സിനിമയിലെ ഒരു ഡയലോഗോ, അനുഭവ മുഹൂര്‍ത്തങ്ങളോ പുറത്തു കേള്‍ക്കാന്‍ സമ്മതിക്കാതെ കൂവലഭിഷേകം നടത്തുന്ന എതിര്‍ ‍ഫാന്‍സുകാര്‍. ഏതാണ്ട് ഒരു ദശാബ്ദത്തിനു ശേഷം സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സിനിമ തീയറ്ററില്‍ അനുഭവിക്കാന്‍ പോയ എനിക്ക് ഇന്റര്‍വല്‍ വരെ അവിടെ ഇരിക്കാന്‍ കഴിഞ്ഞത് തന്നെ ദൈവകൃപ.

തിരുവനന്തപുരത്ത് ജോലി സംബന്ധമായ ഒരു സന്ദര്‍ശനത്തിനിടെ കിട്ടിയ ഇട വേളയില്‍ ഒരു സിനിമ കണ്ടുകളയാം എന്നു തീരുമാനിച്ചു. ട്വന്റി-ട്വന്റി. സൂപ്പര്‍ സറ്റാറുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത ഒരു വശത്ത്. ഒരു സ്റ്റാറിന് പ്രാധാന്യം കുറഞ്ഞു പോയ്യി, മറ്റേതിന് കൂടിപ്പോയി എന്ന വിവാദം മറുവശത്ത്. എന്നെ സിനിമ കാ‍ണാന്‍ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളായിരുന്നു. സിനിമ തുടങ്ങിയതു മുതല്‍ ഒടുക്കം വരെ ഒന്നും കേട്ടില്ല എന്നതാണ് സത്യം. ഒരു സൂപര്‍സ്റ്റാര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എതിര്‍ ഫാന്‍സ്കാരുടെ കൂവല്‍ പിന്‍‌തുണക്കുന്നവരുടെ കൈയ്യടി. പുറത്തിറങ്ങിയപ്പോള്‍ നടുറോഡില്‍ കയ്യാംകളി.

മലയാള സിനിമ പ്രതിസധിയില്‍ എന്നു നിലവിളിക്കുന്നവരോട് ഒരപേക്ഷ. മലയാള സിനിമ രക്ഷപെടണമെങ്കില്‍ കാശു കൊടുത്ത് ആരാധകരെ വച്ച് കൈയ്യടിപ്പിക്കുന്ന ഈ കിളവന്മാരെ ഇവിടെ നിന്ന് ഒഴിപ്പിച്ച് ഒരു ശുദ്ധികലശം നടത്തണം. സംവിധായകരും, നിര്‍മ്മാതാക്കളും സിനിമയുടെ നെടുനായകത്വം ഏറ്റെടുക്കണം. കൂടുതല്‍ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ച് മുന്നിലേക്ക് കൊണ്ടു വരണം. ഫാന്‍സ് അസോസിയേഷനുകളെ പ്രത്യേകം നിയമത്തിനു കീഴില്‍ കൊണ്ടു വന്ന് വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തണം. അല്ലാത്ത പക്ഷം നമ്മുടെ നിത്യഹരിത നായകന്മാര്‍ കാശുവാരി കൊണ്ടിരിക്കും, ആത്മഹത്യ ചെയ്യുന്ന നിര്‍മ്മാതക്കാളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കും. എല്ലാത്തിനുപരി ഈ ഹരിതങ്ങളുടെ കുഴഞ്ഞാട്ടം കണ്ട് ബോധം നശിക്കുന്ന സാധാരണ ജനങ്ങളുടെ എണ്ണം കൂടും.

3 comments:

ജോണ്‍ ചാക്കോ, പൂങ്കാവ് said...

പണ്ട് വിജയകാന്ത്,രജനികാന്ത്‌ ഇവരെ ഒക്കെ തമിഴില്‍ ആരാധിച്ചപ്പോള്‍ പരിഹസിച്ച മലയാളി ഇന്ന് അതേ നിലവാരത്തില്‍ എത്തുന്നു എന്നത് പരിഹാസ്യം ആണ്. ഈ വിവര ദോഷികളായ ഫാന്സാണ് താരങ്ങളെ ഇങ്ങനെ വളര്‍ത്തുന്നത്ത്.

മറ്റു എല്ലാ ഭാഷകളിലും കഴിവുള്ള യുവ പ്രതിഭകളുടെ തള്ളി കയറ്റം തന്നെ ആണ്. പ്രത്യേകിച്ച് നമ്മള്‍ അടുത്ത് കാണുന്ന തമിഴില്‍ എത്ര സുന്ദരമായ സിനിമകള്‍ ആണ് ഇറങ്ങുനത്.

അവിടെ സംവിധായകരും തിരകഥകളും ഒക്കെ സിനിമയെ ഭരിക്കുമ്പോള്‍ മലയാള സിനിമ ഭരിക്കുനത് സുപ്പെര്‍ താരങ്ങളുടെ ഒരു കോക്കസ് ആണ് എന്ന് ആര്‍ക്കും മനസിലാക്കാം. ഒരു ഉദാഹരണം, മമ്മൂട്ടി യൂട് ഒപ്പം എല്ലാ സിനിമാകളിലും ഒരു ആവശ്യവും ഇല്ലാതെ റഹ്മാനെ തിരുകി കയറ്റുനത് എന്ത് കൊണ്ട്.( റഹ്മാന്‍ അഭിനയിക്കട്ടെ, അദ്ദേഹത്തിന്നും ജീവിക്കണം എന്നത് ശെരി തന്നെ.)

പ്രിത്വി രാജിനെ പോലെ കഴിവുള്ള ഒരു നടന്‍ പോലും മലയാളത്തില്‍ കോമാളി ആയി മാറുന്നത് കാണുന്നു.

ഞാനും ഇതേ പറ്റി ഒരു പോസ്റ്റ്‌ ഇടണം എന്ന് ആഗ്രഹിച്ചിരുന്നു....

ജോണ്‍ ചാക്കോ, പൂങ്കാവ് said...

മമ്മൂട്ടി യുടെ അനാവശ്യ ഇടപെടല്‍ കൊണ്ട് കോമാളിത്തരം ആയ സിനിമ ആണ് ബല്‍റാം v/s താരാദാസ്‌. എസ.എന്‍. സ്വാമിയുടെയും , ടി. ദാമോധരന്റെയും ഒന്നും തൂലികയില്‍ ഒരിക്കലും വിരിയുന്ന സിനിമ അല്ല അതെന്നു ആര്‍ക്കും മനസ്സില്‍ ആക്കാം...
സൂപ്പര്‍ താരങ്ങള്‍ക്ക് ഇനി നഷ്ട്ടപെടാന്‍ ഒന്നും ഇല്ല. പക്ഷെ അവരെ ഇങ്ങനെ വച്ച് പുലര്‍ത്തുന്നത് മലയാള സിനിമക്ക് അപകടം ആണ്.

Unknown said...

വന്നു വന്നു ഒരു സിനിമയും കാണാൻ പറ്റാത്ത വിധമായി