Wednesday, July 22, 2009

ബേര്‍ഡ് ഫോട്ടോഗ്രാഫി ലെന്‍സ്‌ കോമ്പിനേഷന്‍

ഇതിനെ ഒരു പോസ്റ്റ്‌ എന്ന് വിളിക്കാന്‍ കഴിയുമോയെന്നറിയില്ല. എന്നാലും സ്വന്തം ആവശ്യത്തിന് നടത്തിയ ഒരന്വേഷണം അതില്‍ നിന്നുകിട്ടിയ എനിക്ക് ഗുണകരമായി തോന്നിയ ചിലവിവരങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ചിലര്‍ക്കെങ്കിലും ഉപയോഗപ്പെടുമെന്ന് കരുതുന്നു.

കാനന്‍ ക്യാമറ ഉപയോഗിക്കുന്ന മിക്കവരുടെയും ആഗ്രഹമായിരിക്കും "L" സീരീസ്‌ ലെന്‍സ്‌ ഉപയോഗിക്കുക എന്നത്. മിക്ക "L".സീരീസ്‌ ലെന്‍സും വെള്ള നിറത്തിലുള്ളവ ആയിരിക്കും. നിക്കോണ്‍ കാമറയ്ക്കു വെള്ള ലെന്‍സ്‌ ഇല്ലായെന്നാണ് അറിവ്‌. പിന്നീട് വെള്ള ലെന്‍സ്‌ ഉള്ളത് സോണിയ്ക്കാണ്. ചില കറുപ്പ് നിറത്തിലുള്ള "L" സീരീസ്‌ ലെന്‍സിലും "L " സീരീസിന്റെ അടയാളമായ ചുവപ്പ് നിറത്തിലുള്ള വൃത്തം ലെന്‍സിന്റെ മുന്‍ഭാഗത്തു ഉണ്ടായിരിക്കും. മറ്റു ലെന്‍സിനെ അപേക്ഷിച്ച് "L" സീരീസിന്റെ പിക്ചര്‍ ക്ലാരിറ്റിയും ബില്‍ഡ്‌ ക്വാളിറ്റിയും ഉന്നത നിരവാരത്തില്‍ ഉള്ളവയായിരിക്കും. ഒപ്പം ഉയര്‍ന്ന വിലയും. അതുപോലെ "L" സീരീസ്‌ ലെന്‍സുകള്‍ ക്രോപ്പ് സെന്‍സര്‍ ക്യാമറയിലും ഫുള്‍ ഫ്രേം ക്യാമറയിലും ഉപയോഗിക്കാമെന്നുള്ള മെച്ചവുമുണ്ട്.

വൈല്‍ഡ്‌ ലൈഫ്‌, ബേര്‍ഡ് ഫോട്ടോഗ്രഫിക്കായി ഒരു ലെന്‍സ്‌ കണ്ടെത്തുക എന്നൊരു ലക്ഷ്യമായിരുന്നു എനിക്കുള്ളത്. കുറഞ്ഞ പക്ഷം 500mm എങ്കിലും ഉള്ള ലെന്‍സ്‌ വേണം തരക്കേടില്ലാത്ത ഒരു വൈല്‍ഡ്‌ ലൈഫ്‌, ബേര്‍ഡ് ഫോട്ടോഗ്രാഫര്‍ക്ക്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ മിക്കവരും 500mm അതിനുമുകളിലോ ഉള്ള ഫിക്സഡ്‌ ഫോക്കല്‍ ലെങ്ങ്ത്ത്‌ ലെന്‍സ്‌ ആവും ഉപയോഗിക്കുക. സാധാരണക്കാര്‍ക്കും എന്തൂസിയാസിസ്റ്റ്‌ ഫോട്ടോഗ്രാഫര്‍മാര്‍ക്കും അപ്രാപ്യമാവും ഇത്തരം ലെന്‍സിന്റെ വില. അതുപോലെ അത്രയും പണം മുടക്കി വാങ്ങുന്ന ഒരു ലെന്‍സ്‌ ഇതിനുമാത്രമായി ഉപയോഗിക്കാന്‍ പ്രൊഫെഷണല്‍ അല്ലാത്തവര്‍ക്ക് കഴിയില്ല. അതിനു പരിഹാരമെന്നുള്ള ലെന്‍സുകളാണ് ഞാന്‍ തപ്പിയത്.

എന്റെ മുമ്പില്‍ മൂന്നു ഓപ്ഷന്‍ ആണ് ഉണ്ടായിരുന്നത്. ആദ്യത്തെ 70-200mm f/4, രണ്ടാമത്തേത് 70-200mm f/2,8, മൂന്നാമത്തേത് 100-400mm f4.5/5.6 ഇവ മൂന്നും ഇമേജ് സ്റ്റബിലൈസും (IS- Image stabilization) അള്‍ട്ര സോണിക്‌ മോട്ടറും (USM) ഉള്ളവയാണ്. അതുപോലെ മൂന്നിലും കാനന്റെ 1.4x/2X എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കാനും കഴിയും. ഫുള്‍ഫ്രേംകാമറ ഉപയോഗിക്കുന്നവര്‍ ആദ്യത്തെ രണ്ടുകാമറയിലും എക്സ്‌റ്റെണ്ടര്‍ ഉപയോഗിച്ച് യഥാക്രമം 98-280mm (using1.4X Extender) , 140--400mm (using 2X Extender)വരെ ആക്കാം. മൂന്നാമത്തെ ലെന്‍സില്‍ യഥാക്രമം140-560mm (1.4X), 200-800mm( 2X) വരെ ആക്കാം.

എന്നാല്‍ ക്രോപ് സെന്‍സര്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് ഇത് യഥാക്രമം 156-448mm (using 1.4X extender) , 224- 640mm (using 2X extender) ആക്കി മാറ്റാം. മൂന്നാമത്തെ ലെന്‍സ്‌ 224-896mm (using 1.4X extender) , 320-1280mm (using 2X extender) ആക്കി മാറ്റാം. (all this focal lengths are including 1.6X crop factor of canon cameras). അതുപോലെ ഈ ഫോക്കല്‍ ലെങ്ങ്ത്ത്‌ ഇരട്ടിക്കുമ്പോള്‍ അതോടൊപ്പം ഇവയുടെ അപ്പര്‍ച്ചര്‍ നമ്പറും ഇരട്ടിക്കുന്നു എന്നും ഓര്‍ക്കുക.



കാനന്‍ കാമറയില്‍ അപ്പര്‍ച്ചര്‍ f/ 5.6 കൂടുതല്‍ ചെറിയ നമ്പറുകള്‍ (more than f 5.6) ഉണ്ടെങ്കില്‍ ഓട്ടോഫോക്കസ്‌ നടക്കില്ല. അതുകൊണ്ട് തന്നെ എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇതും മനസ്സില്‍ ഉണ്ടാവണം. 100-400mm f4.5/5.6ലെന്‍സില്‍ തുടക്കം തന്നെ f/4.5 ആയതുകൊണ്ട് 1.4X എക്സ്‌റ്റെണ്ടര്‍ ഉപയോഗിച്ചാലും ഓട്ടോഫോക്കസ്‌ വര്‍ക്ക്‌ ചെയ്യാതെ വരും. മിക്ക വൈല്‍ഡ്‌ലൈഫ്‌ ഫോട്ടോഗ്രാഫര്‍മാരും ട്രൈപോഡ്‌ ഉപയോഗിക്കുമെങ്കിലും ലോലൈറ്റ്‌ ഫോട്ടോഗ്രഫിയെ ഈ വലിയ അപ്പര്‍ച്ചര്‍ നമ്പര്‍ ബാധിക്കും. അതുകൊണ്ട് തന്നെ 100-400mm f4.5/5.6 ലെന്‍സ്‌ എക്സ്‌റ്റെണ്ടര്‍ വച്ചുള്ള ഉപയോഗത്തിന് അത്തരം മെച്ചം എന്ന് തോന്നുന്നില്ല. ഉപയോഗിക്കാന്‍ കഴിയില്ലായെന്നു ഇതിനര്‍ഥമില്ല. അതുപോലെ എക്സ്റ്റെണ്ട്ര്‍ പിന്‍ ടാമ്പര്‍ ചെയ്തു ഓട്ടോഫോക്കസ്‌ വര്‍ക്ക്‌ ചെയ്യിക്കാമെങ്കിലും ഇതോടെ കാനന്‍ വാറന്റി നഷ്ടപ്പെടുമെന്നും ഓര്‍ക്കുക. എക്സ്‌റ്റെണ്ടര്‍ ഇല്ലാതെ തന്നെ ക്രോപ് ഫ്രേമില്‍ ഈ ലെന്‍സ്‌ 160-640mm (using 1.6X crop factor) റേഞ്ച് കവര്‍ ചെയ്യുന്നത് കൊണ്ട് ബേര്‍ഡ്ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കാം. എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കണം എന്നുള്ളവര്‍ ഇതൊഴിവാക്കുകയാവും ഭേദം.



അടുത്ത കോമ്പിനേഷന്‍ 70-200mm f/4 ആണ്. ഇതില്‍ 2X എക്സ്‌റ്റെണ്ടര്‍ഉപയോഗിച്ചാല്‍ f/8 ആവുന്നതുകൊണ്ട് തന്നെ ഓട്ടോഫോക്കസ്‌ പ്രശ്നം ഉണ്ടാവും. 1.4X ഉപയോഗിക്കുമ്പോള്‍ ഓട്ടോഫോക്കസ്‌ വര്‍ക്ക്‌ ചെയ്യുമെങ്കിലും ലഭിക്കുന്ന ദൂരം 156-448mm മാത്രമായിരിക്കും. ക്രോപ്സെന്‍സറില്‍ കഷ്ടിച്ച് ഉള്‍ക്കൊള്ളിക്കാം. ഫുള്‍ ഫ്രേമില്‍ ഇതിനെ ബേര്‍ഡ് ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

അടുത്ത കോമ്പിനേഷന്‍ 70-200mm f/2.8 ആണ്. ഇതില്‍1.4x എക്സ്‌റ്റെണ്ടര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ 156-448mm റേഞ്ച് കിട്ടും അതും f/4. പക്ഷെ ആ ഫോക്കല്‍ റേഞ്ച് ഫുള്‍ ഫ്രേമില്‍ ബേര്‍ഡ് ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും ക്രോപ്പ് ബോഡിയില്‍ ഉള്‍ക്കൊള്ളിക്കാം. ഒപ്പം f/4 എന്നത് താരതമ്യേന വേഗമേറിയതും ആണ്. അതുപോലെ ഇതില്‍ 2X എക്സ്‌റ്റെണ്ടര്‍ ഫിറ്റ് ചെയ്‌താല്‍ 224- 640mm റേഞ്ച് ആയിമാറും. ഒപ്പം അപ്പര്‍ച്ചര്‍ 5.6 അതുകൊണ്ട് തന്നെ ഇതില്‍ 2X ഫിറ്റ് ചെയ്താലും ഓട്ടോ ഫോക്കസ്‌ വര്‍ക്ക്‌ ആവും. (1.4X, 2X എന്നീ എക്സ്‌റ്റെണ്ടര്‍ ഇവിടെ ഒരേ വിലയാണ്. അതുപോലെ സിഗ്മ,ടാമറോണ്‍, ടോകിന ലെന്‍സുകള്‍ വിലക്കുറവാണെങ്കിലും ഇവിടെ കാനന്‍ പോലെ ഈട് നിന്നെന്നു വരില്ല. ഒപ്പം ചില ലോങ്ങ്‌ റേഞ്ച് സൂം ലെന്‍സുകള്‍ ഓട്ടോ ഫോക്കസ്‌ വര്‍ക്ക്‌ ചെയ്തില്ലായെന്നും വരും.)

അതുപോലെ എക്സ്‌റ്റെണ്ടര്‍ ഊരിമാറ്റിയാല്‍ 70-200mm f/2.8ലെന്‍സ്‌ നല്ലൊരു മിഡ് റേഞ്ച് സൂം ലെന്‍സ്‌ ആണ്. സ്പോര്‍ട്സ്, പോട്രൈറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. വെതര്‍ ഷീല്‍ഡ് ഉള്ള ഈ ലെന്‍സ്‌ ഭാരമെറിയത് ആണെങ്കിലും മികച്ച ഒപ്ടിക്കല്‍ ക്ലാരിറ്റിയും റീസേല്‍ വാല്യൂവും ഉള്ള ലെന്‍സ്‌ ആണ്.



PRICE LIST :

*canon 70-200 f/4 IS USM 1185 euro
*canon 70-200 f/2.8 IS USM 1890 euro
*canon 100-400 f4.5/5.6 IS USM 1650 euro
*1.4x/2X extender 400 euro

Sunday, July 12, 2009

എന്‍.സി.പി ചരിതം... മുരളിയുടെയും.

ജനതാദളിന്റ്റെ രാഷ്ട്രീയത്തെ പറ്റി മുമ്പൊരു ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ഇപ്പോള്‍ ശ്രീ. മുരളീധരന്‍ സംസ്ഥാന പ്രസിഡണ്ട്‌ ആയുള്ള എന്‍.സീ.പി. യും സമാന അവസ്ഥയില്‍ തന്നെ. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നും ആവില്ല എന്ന് കണ്ടു കുറെ നാളുകളായി എല്‍.ഡി.എഫ്‌. ഇലോ യു.ഡി.എഫ്‌ ഇലോ ഒന്ന് കയറികൂടാന്‍ പല തന്ത്രങ്ങളും പയറ്റുന്നു.

കരുണാകരന്റെ സമ്മര്ദ്ധ തന്ത്രത്തിന്റെ ഫലമായി കിട്ടിയ കെ.പി.സീ.സീ. പ്രസിഡണ്ട്‌ സ്ഥാനം കിട്ടുനതിനു മുമ്പ് പല തവണ എം.പി. ആകാന്‍ അവസരം കിട്ടിയ മുരളീധരന്‍. കോണ്‍ഗ്രസില്‍ നിന്ന് കിട്ടാവുന്നതെല്ലാം പിടിച്ചു വാങ്ങിയവരാണ് കരുണാകരനും കുടുംബവും. ഒരു നല്ല കെ.പി.സീ.സീ. പ്രസിഡണ്ട്‌ എന്നാ അവസ്ഥയില്‍ നിന്നും എന്ത് ഭൂതാവേശത്തില്‍ (അതു അച്ഛന്റെ രാഷ്ട്രീയ (കു) ബുദ്ധി ആണോ?) എന്നറിയില്ല മുരളീധരന്‍ കെ.പി.സീ.സീ. പ്രസിഡണ്ട്‌ സ്ഥാനം രാജി വച്ച് മന്ത്രി ആകുന്നു. 'കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കാന്‍', 'അണികളുടെ നിര്‍ബന്ധം/ഉപദേശം' തുടങ്ങി പല ന്യായീകരണങ്ങളും മുരളീധരന്‍ പിന്നീട് ഇതേ പറ്റി പറഞ്ഞിട്ടുണ്ട്.

വെറുതെ നല്ല പിള്ള ചമഞ്ഞു കെ.പി.സീ.സീ. പ്രസിഡണ്ട്‌ ആയിരുന്നാല്‍ തനിക്കു വല്ല്യ ഗുണം ഇല്ല, എന്ത് കൊണ്ട് ഒരു മന്ത്രിയും പിന്നെ മുഖ്യമന്ത്രിയും ആയികൂടാ എന്നാ ചിന്തയില്‍ നിന്ന് തന്നെ ആണ് ഇന്ന് മുരളീധരന്‍ സ്വകാര്യമായി എങ്കിലും പരിതപിക്കാന്‍ ഇടയുള്ള ആ രാഷ്ട്രീയ എടുത്തു ചാട്ടം.

ഒരു എം.എല്‍.എ. യെ രാജി വയ്പ്പിച്ചു ഉപതിരഞ്ഞെടുപ്പ് നടത്തി ഖജനാവിന് ചിലവുണ്ടാക്കി കാട്ടിയ ആ രാഷ്ട്രീയ നീക്കത്തിന് വടക്കാഞ്ചേരിയിലെ ജനങ്ങള്‍ തനി ചൂരല്‍ പ്രയോഗം തന്നെ നടത്തി എന്ന് പറയാം.
അന്ന് തൊട്ടു ഇന്ന് വരെ ചെയ്തതെല്ലാം അബദ്ധം ആയി മുരളീധരന്‍.

സോണിയയെ യും, മറ്റു കോണ്‍ഗ്രസ്‌ നേതാക്കളെയും പരിഹസിച്ചു അണികളുടെ കൈ അടി വാങ്ങി ഇന്ദിര ഗാന്ധിയുടെ പേരും പറഞ്ഞു പാര്‍ട്ടി ഉണ്ടാക്കി യിട്ടും ക്ലച്ച് പിടിച്ചില്ല. ഒടുവില്‍ നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തി ആക്കാന്‍ ഡി.ഐ.സീ (കെ) യുമായുള്ള , ഒരു യഥാര്‍ത്ഥ കോണ്‍ഗ്രെസ്സുകാരനും ഒരിക്കലും ദഹിക്കാത്ത, ബാന്ധവം കാരണമായി.എല്‍.ഡി.എഫ്‌. ഇല്‍ എടുക്കുമെന്ന മോഹന സ്വപ്നത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മറിച്ച് കൊടുത്ത കുറെ വോട്ടുകള്‍ പിന്നീട് നഷ്ട്ടം. ഇടതു പക്ഷത്തേക്ക് ചേക്കേറാന്‍ തയാറെടുപ്പായി തങ്ങള്‍ കേഡര്‍ പാര്‍ട്ടി ആയി മാറും എന്നൊക്കെ മുരളി വീമ്പു പറഞ്ഞിരുന്നു.

ഇടത്തേക്ക് മറിയാന്‍ കരുണാകരന്റെ ഭൂതകാലം ആണ് തടസ്സം എന്ന് കരുതി മകന്റെ രാഷ്ട്രീയ ഭാവി ഓര്‍ത്തു 'സോണിയ സിന്ദാബാദ്‌','കൊണ്ഗ്രെസ്സുകരനായി മരിക്കണം' എന്നൊക്കെ കരഞ്ഞു വിളിച്ചു വന്ന കരുണാകരനെ തിരിച്ചെടുത്ത കോണ്‍ഗ്രസുകാരെ സമ്മതിക്കണം.

പല ചെറു പാര്‍ട്ടികളും നില നില്‍പ്പിനായി പാട് പെട്ട് എല്‍.ഡി.എഫ്‌. ഇല്‍ പയറ്റുമ്പോള്‍ പാഷാണത്തില്‍ കൃമി കയറും പോലെ ആവും എന്ന് മനസില്ലാക്കി ഉണ്ടായ എതിര്‍പ്പ് മൂലം എല്‍.ഡി.എഫ്‌. പ്രവേശനം നടപ്പില്ല എന്ന് മനസിലായി. അപ്പോള്‍ പിന്നെ വളഞ്ഞ വഴി. മുമ്പേ എല്‍.ഡി.എഫ്‌. ഇല്‍ ഉണ്ട് എന്ന് പറയപെടുന്ന എന്‍.സീ.പി. യില്‍ കയറി അങ്ങ് ലയിക്കുക.

കോണ്‍ഗ്രസിനെ നയിക്കാന്‍ വിദേശി ആയി ജനിച്ച സോണിയ ഗാന്ധിയുടെ അവകാശത്തെ എതിര്‍ത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്ന പവാര്‍,സാങ്മാ, താരിക്ക് അന്‍വര്‍ തുടങ്ങിയവരുടെ നേതൃതത്തില്‍ രൂപികരിച്ച എന്‍.സീ.പി. ഒരു നാണവും കൂടാതെ തിരഞ്ഞെടുപ്പിന് ശേഷം അടവ് ബാന്ധവത്തിലൂടെ കോണ്‍ഗ്രസ്‌ ( സോണിയ) നയിക്കുന്ന കേന്ദ്ര ഭരണത്തില്‍ പങ്കാളികള്‍ ആയി.

ഇതേ എന്‍.സീ.പി. വഴി എല്‍.ഡി.എഫ്‌. ഇല കയറാം എന്നാ അടവും എന്‍.സീ.പി. യെ തന്നെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതിലൂടെ നടന്നില്ല.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടു മറിച്ച് കൊടുത്തു ഇടതു നിന്നോ വലതു നിന്നോ പിന്തുണ യോടെ മത്സരിക്കാം എന്നാ പ്രതീക്ഷയില്‍ അവസാന നിമിഷം വരെ കാത്ത മുരളി ഏറ്റവും സാധ്യത ഉള്ളതെന്ന് പറയപെട്ട വയനാട് തിരഞ്ഞെടുത്തു. കേന്ദ്രത്തില്‍ എന്‍.സീ.പി. പോലുള്ള ചെറു പാര്‍ട്ടികള്‍ക്ക് വീണ്ടും സ്വാധീനം ഉള്ള തൂക്കു ഭരണം ഉണ്ടാവും, അങ്ങനെ എങ്കില്‍ മുരളി ജയിച്ചാല്‍ മന്ത്രി ആവും എന്നിങ്ങനെ ഉള്ള പ്രചാരണങ്ങള്‍ എല്ലാം ഫലം വന്നതോടെ വിഴുങ്ങി. ഇടതിനോടും വലതിനോടും മത്സരിച്ചു ഒരു ലക്ഷം വോട്ടുകള്‍ നേടി എന്ന് പറഞ്ഞു മസ്സില് പെരുപ്പിച്ചു കാട്ടി.

എല്‍.ഡി.എഫ്‌. വാതിലുകള്‍ കൊട്ടി അടയ്ക്ക പെട്ടതോടെ അത് വരെ പറഞ്ഞതെല്ലാം വിഴുങ്ങി ഇടതിനെ പള്ളു പറഞ്ഞു അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ്.‌. ഇല്‍ പാര്‍ട്ടി യെ കൊണ്ട് കെട്ടാം എന്നായി ചിന്ത. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എങ്കിലും കുറച്ചു മെമ്പര്‍ മാരെ ഉണ്ടാക്കി ഇല്ലെങ്കില്‍ അണികള്‍ എല്ലാം കൊഴിഞ്ഞു പോകും എന്നറിയാം. ഭരണമോ സ്ഥാനങ്ങലോ ഇല്ലെങ്കില്‍ 'എന്ത് നേതാക്കള്‍? എന്ത് അണികള്‍?'

ഇതിനായി മുമ്പേ തിരിച്ചു പോയ കരുണാകരന്‍ ഒളിഞ്ഞും തെളിഞ്ഞും പലതും പറയുന്നുണ്ട്. എല്‍.ഡി.എഫ്‌. വിട്ടു വരുന്ന ജനതാദളിനെ യു.ഡി.എഫ്‌ ഇല്‍ എടുത്താലും മുരളിയുടെ എന്‍.സീ.പി യെ എടുത്തു ആത്മഹത്യ നടത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തയാറല്ല. അപ്പോള്‍ പിന്നെ ഡല്‍ഹി വഴി, പവാര്‍ വഴി, സോണിയ വഴി , ഹൈ കമാന്‍ഡ് സമ്മര്‍ദം ഉണ്ടാക്കാന്‍ ഉള്ള കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. യു.ഡി.എഫ്‌. പ്രവേശനനതിനു താനാണ് തടസം എങ്കില്‍ അണികള്‍ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജി വക്കും എന്ന് വരെ ഗതി കേട്ട് മുരളി പറഞ്ഞു കളഞ്ഞു.ഇത് പോലെ പല നമ്പരുകളും ഇനിയും കേള്‍ക്കാനും കാണാനും കേരളീയര്‍ക്ക് ഭാഗ്യം ഉണ്ടാവും.

പാര്‍ട്ടി യെ കോണ്‍ഗ്രസ്‌ പാളയത്തില്‍ കൊണ്ട് കേട്ടുനതിനെ എതിര്‍ക്കുന്ന ചോട്ടാ നേതാക്കളെയും കൈകാര്യം ചെയ്യേണ്ടി വരും. എന്‍.പി. ഗംഗാധരന്‍ നുമായുള്ള കടിപിടികള്‍ മറ നീക്കി പുറത്തു വരുന്നു. ദേശീയ കമ്മറ്റി അംഗമോ മറ്റോ ആയ ഗംഗാധരനെ കൈകാര്യം ചെയ്യാം വെറും സംസ്ഥാന പ്രസിഡന്റ്‌ ആയ മുരളിക്ക് അധികാരമില്ല പോലും. പണ്ട് ഗുണ്ടകളെ വിട്ടു രാജ് മോഹന്‍ ഉണ്ണി താന്റെ മുണ്ട് പറിച്ചപോലെ ആണ് ഗംഗാധരന്റെ വീടിനും കാറിനും കല്ലേറ്...

കാര്യങ്ങള്‍ ഇവിടെ വരെ ആയുള്ളൂ... ഇനി പലതും കാണാനും കേള്‍ക്കാനും കിടക്കുന്നു......

വാല്. വഴിയില്‍ ആരെങ്കിലും വിസര്‍ജനം നടത്തിയാല്‍ അതി‌ വഴി നടക്കുന്നവരെ നാറും, അറിയാതെ ചവിട്ടുന്നവരെ നാറും, ചവിട്ടുനവര്‍ നടന്നു പോകുന്ന വഴി നാറും, ചവിട്ടി നടന്നു പോകുന്നവരുടെ പിറകെ നടന്നാലും നാറും... അത് പോലെ ചിലരെ പറ്റി ബ്ലോഗ്‌ ഇട്ടാല്‍ തന്നെ നാറും. ഒന്ന് പോയി കുളിക്കട്ടെ.......

Friday, July 10, 2009

തീക്കുറുക്കനെ അല്പം സ്പീഡാക്കാം.

ഗൂഗിള്‍ ക്രോമും ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററും ഉപയോഗിക്കുന്നവരേക്കാള്‍ ഇപ്പോള്‍ മോസില്ല ഫയര്‍ഫോക്സ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കേള്‍ക്കുന്നു. ഞാന്‍ ഈ തീക്കുറുക്കനെ (ഫയര്‍ഫോക്സ്‌) ഉപയോഗിക്കുമ്പോള്‍ ക്ലിക്ക് ചെയ്‌താല്‍ ഒന്ന് ഓപ്പണ്‍ ആയി വരാന്‍ അല്പം താമസ്സിക്കുന്നതായി കണ്ടിരുന്നു. അതുകൊണ്ട് തീക്കുറുക്കനെ അല്പം വേഗത്തില്‍ ഓപ്പണ്‍ ആക്കാന്‍ നടത്തിയ ശ്രമത്തില്‍ അല്പം കൂടി വേഗത്തില്‍ ഓപ്പണ്‍ ആക്കാന്‍ കഴിഞ്ഞു. ഞാന്‍ ചെയ്തത് നിങ്ങളുമായി പങ്കുവയ്ക്കുന്നു. കഴിഞ്ഞ സാങ്കേതിക പോസ്റ്റിനു നിങ്ങള്‍ തന്ന പിന്തുണ ഈ പോസ്റ്റിനും കാരണമായി എന്നതാണ് സത്യം.

ആദ്യം മോസില്ല ഫയര്‍ഫോക്സ്‌ ഓപ്പണ്‍ ചെയ്യുക.

രണ്ടാമത് അഡ്രസ്‌ബാറില്‍ about:config ടൈപ്പ് ചെയ്യുക.

എഡിറ്റ്‌ ‍ ചെയ്യാനായി തുറന്നുവരുന്ന കോണ്‍ഫിഗറേഷന്‍ സ്ക്രീന്

അടുത്തത് തുറന്നുവരുന്ന സ്ക്രീനില്‍ network.http.pipelining സ്ക്രോള്‍ ചെയ്തു കണ്ടെത്തുക. ഇതില്‍ ക്ലിക്ക് ചെയ്തു True എന്ന് ആക്കുക.

അടുത്തത് സ്ക്രോള്‍ ചെയ്തു network.http.pipelining.maxrequests കണ്ടെത്തുക. അതില്‍ ചെയ്ത് വരുന്ന പോപ്‌അപ്പ് വിന്‍ഡോയില്‍ (പൊങ്ങിവരുന്ന ജാലകത്തില്‍) 4 എന്നുള്ള നമ്പര്‍ 60 ആയി മാറ്റുക.

ഇത്രയും ചെയ്തപ്പോള്‍ എന്റെ തീക്കുറുക്കന്‍ പഴയതിനേക്കാള്‍ മിടുക്കനായി. നിങ്ങളുടെ കാര്യം അറിയിക്കുക. കൂടുതല്‍ പ്രോത്സാഹനങ്ങള്‍ ഇതിനായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ആത്മവിശ്വാസം തരും.
മുമ്പ് വേഗം കൂട്ടാനായി ഉപയോഗിച്ചിരുന്ന വേഗകുറുക്കന്‍ (Faster Fox) പുതിയ തീകുറുക്കനുമായി (Mozilla)ചേര്‍ന്ന് പോകില്ല.

Tuesday, July 7, 2009

എന്തിനിങ്ങനെ പാര്‍ട്ടികള്‍?

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ നു ( ഇന്ദിര ഗാന്ധിക്ക്)ബദലായി ഉയര്‍ന്നു വന്ന ജനതാ തരംഗത്തില്‍ നിന്നും പൊട്ടി മുളച്ച്, നേതാക്കളുടെ ബാഹുല്യം കൊണ്ട് പിളര്‍ന്നു പിളര്‍ന്നു, ക്ഷീണിച്ചു, തളര്‍ന്ന സംഘടന ആണ് ജനതാദള്‍.പല തവണയായി പിളര്‍ന്നു കുടല്‍മാല പോയൊരു പ്രസ്ഥാനം. വളര അധികം നേതാക്കളെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭാവന ചെയ്യാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു, നേതാക്കളെ മാത്രം.


ഓരോ നേതാക്കളുടെയും കുടുംബ കുത്തകയായി ഇന്ത്യയില്‍ ഉടനീളം സെക്കുലര്‍, യുണൈറ്റഡ്, രാഷ്ട്രീയ തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ 'സുന്ദര' പദങ്ങളിലും , പിന്നെ നേതാക്കളുടെ പേരിലും ഒക്കെ യായി അറിയപെട്ടു പിളര്‍ന്നു പടര്‍ന്ന സംഘടനാ പാരമ്പര്യം.


അതിന്റെ ഒരു മുറി ആണ് കേരളത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ജനതാദള്‍ സെക്കുലര്‍. വര്‍ഷങ്ങളായി വീരേന്ദ്ര കുമാറിന്റെ കുത്തക ആയിരുന്ന പ്രസ്ഥാനം 'മാതൃഭൂമി-ദേശാഭിമാനി-പിണറായി-വീരന്‍ ' പോരിലൂടെ എല്‍.ഡി.എഫ്‌. ഇല്‍ നിന്നും കഴിഞ്ഞ ഇലക്ഷന്‍ ഓടെ വി ട്ടു നിന്നു.


നേതാക്കള്‍ ഒരു പരിധിയില്‍ കൂടുതല്‍ വളരുമ്പോള്‍ സാധാരണ ഈ സംഘടനയില്‍ ഉണ്ടാവുന്ന ഒരു തരം രാസ പരിണാമത്തിലൂടെ പരസ്പരം പുറത്താക്കി പരിഹാസ്യരായി വീണ്ടും ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നു.




ഇത്ര കാലം എല്‍.ഡി.എഫ്‌. ഇല നിന്ന ഇവര്‍ ഇപ്പോള്‍ യു.ഡി.എഫ്‌. ലേക്ക് കയറാന്‍ റെഡി ആയി നില്‍ക്കുന്നു.എന്തെങ്കിലും രാഷ്ട്രീയ / നയപരമായ ആദര്‍ശമോ , ജനങ്ങളോട് എന്തെങ്കിലും ബാധ്യതയോ ഇവര്‍ വച്ച് പുലര്‍ത്തുന്നുണ്ടോ? വല്ല്യ കക്ഷികളുടെ ഒപ്പം ചേര്‍ന്ന് കിട്ടുന്ന കുറച്ചു പഞ്ചായത് വാര്‍ഡുകളോ , നിയമസഭ മണ്ഡലങ്ങലോ അല്ലെങ്കില്‍ വല്ല കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങലോ ഒക്കെ മാത്രം അല്ലെ ഇവരുടെ ഇപ്പോളത്തെ ലക്‌ഷ്യം?


ഇവരുടെ പിളര്‍പ്പും പുറത്താക്കലും ഒന്നും പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നാല്‍ വളരെ നന്നായിരുന്നു.


എന്തിനിങ്ങനെ പാര്‍ട്ടികള്‍?

Saturday, July 4, 2009

സിനിമയും, ജീവിതവും.

മലയാള സിനിമയിലെ നെടും തുണുകള്‍ ആര് എന്ന ചോദ്യം ഒരു ഇരുപത് ഇരുപത്തഞ്ച് വര്‍ഷം പിന്നിലേക്കിറങ്ങി ചെന്നു ചോദിച്ചിരുന്നു എങ്കില്‍ ഒരുപക്ഷെ പെട്ടെന്നു കിട്ടുന്ന ഉത്തരങ്ങള്‍ കുഞ്ചാക്കോ എന്നോ, നവോദയ അപ്പച്ചന്‍ എന്നോ ആകുമായിരുന്നു. അന്ന് പണം മുടക്കുന്നവന്റെ ആയിരുന്നു സിനിമ. പിന്നെ എണ്‍പതുകളുടെ അവസാനത്തില്‍ സിനിമയുടെ തലതൊട്ടപ്പന്‍ സ്ഥാനം സംവിധായകരിലേക്ക് കൈമറ്റപ്പെട്ടു. ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരെ പോലെയുള്ള സര്‍ഗ്ഗ പ്രതിഭകള്‍ക്ക് മുന്നില്‍ മറ്റ് വിഭാഗങ്ങള്‍ നിഷ്പ്രഭരായി എന്നു പറയുന്നതാവും കൂ‍ടുതല്‍ ശരി.

ഭരതന്റെ, പത്മരാജന്റെ, ഐ വി ശശിയുടെ, ഫാസിലിന്റെ നിഴല്‍ പറ്റി അവരുടെ പ്രതിഭയെ കറന്നു കുടിച്ച് ഉയര്‍ന്നു വന്ന മമ്മൂട്ടിയും, മോഹന്‍ലാലും മലയാള സിനിമയുടെ അഭിവാജ്യ ഘടകങ്ങള്‍ ആയത് വളരെ പെട്ടെന്നാണ്. ഉയര്‍ച്ചയുടെ പാരമ്യതയില്‍ തങ്ങളുടെ ഗുരുക്കന്മാരെ പോലും പുറം കാലുകൊണ്ട് ചവിട്ടി അരച്ച് താര സിംഹാസനവും അതുവഴി മലയാള സിനിമയെ തന്നെ തങ്ങളുടെ ഏറാന്മൂളികള്‍ ആക്കാനും ഈ നടന്മാര്‍ക്ക് സാധിച്ചു എന്നത് പകല്‍ പോലെ വ്യക്തം. അടുത്ത കാലത്ത് ഐ വി ശശി നിര്‍മ്മിച്ച ബല്‍‌റാം vs താരാദാസ് എന്ന ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് അദ്ധേഹത്തിന്റെ ചില വെളിപ്പെടുത്തലുകള്‍ തന്നെ ഇതിന് ഉത്തമ ഉദാഹരണം.

സിനിമ എന്ന പണം വാരി / കുത്തുപാളയെടുക്കല്‍ ബിസിനെസ്സിന് തീര്‍ച്ചയായും താരപ്രഭ ഒരു അവിഭാജ്യ ഘടകം തന്നെയാണ്. പക്ഷെ അതിന്റെ നന്മയേയും, തിനമയേയും നേരിട്ടനുഭവിക്കാന്‍ വിധിക്കപ്പെട്ട നിര്‍മ്മാതാക്കളെ ഒരു മൂലക്കിരുത്തി, തന്റെ സിനിമ ആര് സംവിധാനം ചെയ്യണമെന്നും, അതിന്റെ കഥ എങ്ങനെ ആയിരിക്കണമെന്നും വിധിക്കുന്നിടം വരെ എത്തി സൂപ്പര്‍ മെഗാസ്റ്റാറുകളുടെ പ്രകടനം. തന്റെ ശരീര ഭാഷക്കോ, അഭിനയ സിദ്ധിക്കോ വഴങ്ങാത്ത കോമാളി വേഷങ്ങള്‍ എടുത്താടി മലയാള സിനിമയേയും, നിര്‍മ്മാതാവിനേയും, സംവിധായകനേയും എന്തിന് സൂപ്പര്‍സ്റ്റാര്‍ സിനിമയെന്ന സിദ്ധൌഷധത്തിന് കണ്ണും നട്ടിരിക്കുന്ന പാവം ജനം വരെ വഞ്ചിക്കപ്പെടുന്നു ഇവിടെ. ഇതൊക്കെ ചെയ്യുമ്പോഴും തന്റെ പ്രതിഫലം ഒരു നായാപൈസ കുറയാതെ (പടം പൊട്ടി നിര്‍മ്മാതാവ് ആത്മഹത്യ ചെയ്താല്‍ റീത്ത് വാങ്ങനുള്ള പൈസ ഉള്‍പ്പെടെ)എണ്ണിവാങ്ങി പോക്കറ്റിലിടാനും ഇവര്‍ മറക്കാറില്ല.

ഇനിയുള്ളത് ഫാന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന പേക്കൂത്തുകളാണ്. രജനീകാന്തിനേയും, പ്രഭുവിനേയും ഒക്കെ അന്ധമായി ആരാധിക്കുന്ന തമിഴ് ജനതയെ അവരുടെ വിവരമില്ലായമയെ പറഞ്ഞ് പുശ്ചിച്ച മലയാളി അറുപത് പിന്നിട്ട മമ്മൂട്ടിക്കും, അന്‍പതുകള്‍ പിന്നിട്ട മോഹന്‍ലാലിനും, സുരേഷ് ഗോപിക്കും ഫാനസ് അസോസിയേഷനുകള്‍ തീര്‍ത്ത് അവരെ കവലകളില്‍ വച്ച് പൂജിച്ച് ആള്‍ ദൈവങ്ങള്‍ ആക്കുന്ന ലജ്ജാവഹമായ കാഴ്ച്ചകളും അഭിനവ കേരളം കണ്ടുകൊണ്ടിരിക്കുന്നു. ഗുണ്ടാ സംഘങ്ങളെ പോലെ പരസ്പരം പോരടിക്കുന്ന ഇവര്‍ മൂലം മനസമാധാനമായി കുടുഃബവും ഒന്നിച്ച് സിനിമ കാണാന്‍ പോകാന്‍ കഴിയാത്ത അവസ്ഥ. തന്റെ സിനിമയ്ക്ക് കൈയ്യടിക്കാനും ,തന്റെ എതിരാളിയുടെ സിനിമയ്ക്ക് കൂവാനും ഫാന്‍സ് സംഘടനകളെ നമ്മുടെ സൂപ്രന്മാര്‍ ഉപയോഗിക്കുന്നു എന്ന സിനിമാ പിന്നാമ്പുറ വാര്‍ത്തകള്‍ കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സൂപറും, ഡ്യൂപ്പറും ആകുവാന്‍ വേണ്ടി കളിക്കുന്ന തരം താണ പൊറാട്ടു നാടകം വ്യക്തം. തങ്ങള്‍ വളര്‍ത്തിയ ഫാന്‍സ് തങ്ങള്‍ക്ക് തന്നെ പാരയാവുന്നതും ചിലയിടങ്ങളില്‍ നമ്മള്‍ കാണുകയുണ്ടായി. മമ്മൂട്ടിക്കും, മോഹന്‍ലാലിനും അരാധനാശല്യം സഹിക്കവയ്യാതെ കൈവെക്കേണ്ടി വന്നു ചിലയിടങ്ങളില്‍.

ഈയുള്ളവന് രണ്ടനുഭവങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ ചങ്ങനാശേരി അഭിനയില്‍ നസ്രാണി എന്ന തല്ലിപ്പൊളി പടം കാണാന്‍ വിധിക്കപ്പെട്ട ഞാന്‍ മെഗാസ്റ്റാറിന്റെ അരങ്ങേറ്റം കണ്ട് ഫാന്‍സ്‌കാര്‍ കാണിക്കുന്ന കൂത്തുകള്‍ കണ്ട് ഞെട്ടി. അറുപത്തഞ്ച് വയസായ യുവാവ് തന്റെ കൊച്ചുമകളാകാന്‍ പ്രായമുള്ള നായികയെ കെട്ടിപ്പിടിക്കുന്നതു കണ്ട് ആരാധകര്‍ പുറപ്പെടുവിക്കുന്ന ദ്വയാര്‍ത്ഥ കമന്റുകള്‍ കേള്‍ക്കാന്‍ ത്രാണിയില്ലാതെ ചെവി പൊത്തുന്ന അമ്മപെങ്ങന്മാര്‍. സിനിമയിലെ ഒരു ഡയലോഗോ, അനുഭവ മുഹൂര്‍ത്തങ്ങളോ പുറത്തു കേള്‍ക്കാന്‍ സമ്മതിക്കാതെ കൂവലഭിഷേകം നടത്തുന്ന എതിര്‍ ‍ഫാന്‍സുകാര്‍. ഏതാണ്ട് ഒരു ദശാബ്ദത്തിനു ശേഷം സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സിനിമ തീയറ്ററില്‍ അനുഭവിക്കാന്‍ പോയ എനിക്ക് ഇന്റര്‍വല്‍ വരെ അവിടെ ഇരിക്കാന്‍ കഴിഞ്ഞത് തന്നെ ദൈവകൃപ.

തിരുവനന്തപുരത്ത് ജോലി സംബന്ധമായ ഒരു സന്ദര്‍ശനത്തിനിടെ കിട്ടിയ ഇട വേളയില്‍ ഒരു സിനിമ കണ്ടുകളയാം എന്നു തീരുമാനിച്ചു. ട്വന്റി-ട്വന്റി. സൂപ്പര്‍ സറ്റാറുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത ഒരു വശത്ത്. ഒരു സ്റ്റാറിന് പ്രാധാന്യം കുറഞ്ഞു പോയ്യി, മറ്റേതിന് കൂടിപ്പോയി എന്ന വിവാദം മറുവശത്ത്. എന്നെ സിനിമ കാ‍ണാന്‍ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളായിരുന്നു. സിനിമ തുടങ്ങിയതു മുതല്‍ ഒടുക്കം വരെ ഒന്നും കേട്ടില്ല എന്നതാണ് സത്യം. ഒരു സൂപര്‍സ്റ്റാര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എതിര്‍ ഫാന്‍സ്കാരുടെ കൂവല്‍ പിന്‍‌തുണക്കുന്നവരുടെ കൈയ്യടി. പുറത്തിറങ്ങിയപ്പോള്‍ നടുറോഡില്‍ കയ്യാംകളി.

മലയാള സിനിമ പ്രതിസധിയില്‍ എന്നു നിലവിളിക്കുന്നവരോട് ഒരപേക്ഷ. മലയാള സിനിമ രക്ഷപെടണമെങ്കില്‍ കാശു കൊടുത്ത് ആരാധകരെ വച്ച് കൈയ്യടിപ്പിക്കുന്ന ഈ കിളവന്മാരെ ഇവിടെ നിന്ന് ഒഴിപ്പിച്ച് ഒരു ശുദ്ധികലശം നടത്തണം. സംവിധായകരും, നിര്‍മ്മാതാക്കളും സിനിമയുടെ നെടുനായകത്വം ഏറ്റെടുക്കണം. കൂടുതല്‍ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ച് മുന്നിലേക്ക് കൊണ്ടു വരണം. ഫാന്‍സ് അസോസിയേഷനുകളെ പ്രത്യേകം നിയമത്തിനു കീഴില്‍ കൊണ്ടു വന്ന് വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തണം. അല്ലാത്ത പക്ഷം നമ്മുടെ നിത്യഹരിത നായകന്മാര്‍ കാശുവാരി കൊണ്ടിരിക്കും, ആത്മഹത്യ ചെയ്യുന്ന നിര്‍മ്മാതക്കാളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കും. എല്ലാത്തിനുപരി ഈ ഹരിതങ്ങളുടെ കുഴഞ്ഞാട്ടം കണ്ട് ബോധം നശിക്കുന്ന സാധാരണ ജനങ്ങളുടെ എണ്ണം കൂടും.

Thursday, July 2, 2009

എന്തിനീ ഇറങ്ങി പോക്ക് പ്രഹസനങ്ങള്‍......

കുറെ കാലങ്ങളായി കാണുന്നതാണ്, ഇടതായാലും വലതായാലും പ്രതിപക്ഷതാകുമ്പോള്‍ സ്ഥിരമായി നടത്താറുള്ള ഈ നിയമസഭയില്‍ നിന്നും ഇറങ്ങി പോയുള്ള പ്രഹസനം.


പണ്ടൊക്കെ വല്ലപ്പോഴും ഉണ്ടാവുന്ന പ്രതിപക്ഷത്തിന്റെ ഇറങ്ങി പോക്കുകള്‍ ഒരു പ്രധാന സംഭവം ആയിരുന്നു. ഇന്നിപ്പോള്‍ പ്രതിപക്ഷം ഇറങ്ങി പോയില്ലെങ്കില്‍ അതൊരു സംഭവം ആണ്.


പ്രതിപ്പക്ഷം ഏതെങ്കിലും ഒരു വിഷയത്തില്‍ അടിയന്തര ചര്‍ച്ച ആവശ്യപെടും, സ്പീക്കര്‍ ഭരണപക്ഷത്തെ മന്ത്രിയോട് മറുപടി പറയാന്‍ ആവശ്യപെടും,മന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തര ചര്‍ച്ച അവശ്യം ഇല്ല എന്ന് പറയും. ഉടനെ പ്രതിപക്ഷം അതില്‍ പ്രതിഷേധിച്ച് നിയമ സഭയില്‍ നിന്നും മുണ്ടും മടക്കി ഇറങ്ങി പോകും. പോകുന്ന വഴിക്ക് പത്രക്കാരെയും കണ്ടു തങ്ങളുടെ അവകാശ വാദങ്ങള്‍ ഉന്നയിക്കും.....


ഇപ്പോള്‍ നടക്കുന്ന നിയമസഭ കാലാവധിയില്‍ തന്നെ എത്രയോ തവണ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി. ഇറങ്ങി പോയവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കുറെ കഴിഞ്ഞു തിരിച്ചു വരുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഇറങ്ങി പോകുന്ന പ്രതിപക്ഷ എം.എല്‍.എ. മാര്‍ തീര്‍ച്ചയായും അവയ്ക്ക് കിട്ടേണ്ട അലവന്‍സുകളും, ബത്തയും ഒക്കെ തീര്‍ച്ചയായും ഒപ്പിട്ടു കൈപ്പറ്റുന്നുണ്ട്.


ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ എടുത്തു പ്രയോഗിച്ചു മുന ഒടിഞ്ഞ 'സത്യാഗ്രഹം','നിരാഹാരം' തുടങ്ങിയ അക്രമ രഹിത സമര മാര്‍ഗങ്ങള്‍ പോലെ പ്രതിപക്ഷ ത്തിന്റെ ഇമ്മാതിരി സ്ഥിരം ഇറങ്ങി പോക്കുകള്‍ പല്ലും നഖവും ഒക്കെ പോയ ഒരു പ്രതിഷേധ മാര്‍ഗമാണ്.


സത്യാഗ്രഹമോ,നിരഹാരമോ ഒക്കെ കിടക്കുമ്പോള്‍ അതില്‍ എതിര്‍ക്കപെടുന്നവര്‍ തങ്ങളുടെ വേദനയില്‍ ദുഖമോ, സഹതാപമോ ഒക്കെ തോന്നിയാല്‍ മാത്രമേ ആ സമര മാര്‍ഗം കൊണ്ട് പ്രയോജനം ഉള്ളു.
അതുപോലെ പ്രതിപക്ഷത്തിന്റെ ഇറങ്ങി പോക്ക് പലപ്പോഴും ഭരണ പക്ഷത്തിനു വളരെ ആശ്വാസമേ ഉണ്ടാക്കു, ഒരു പ്രതിക്ഷേധവും ഇല്ലാതെ ഏക പക്ഷീയമായ ചര്‍ച്ചകളിലൂടെ പല ബില്ലുകളും നയങ്ങളും പാസാക്കി എടുക്കാന്‍ സൗകര്യം. .


അപ്പോ ള്‍ പിന്നെ എന്തിനീ പ്രതിക്ഷേധം. ജനങ്ങള്‍ക്ക്‌ ഇമ്മാതിരി പ്രഹസനങ്ങളില്‍ താല്പര്യം ഇല്ല. നിയമസഭ ജനങ്ങളുടെ പല പ്രശ്നങ്ങളുടെയും ക്രീയാത്മകമായ ചര്‍ച്ചകളുടെ ഒരു വേദി ആണ്. അല്ലാതെ തനി രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കേണ്ട ഒരു സ്ഥലമല്ല. . ഇതില്‍ നിന്നുള്ള പ്രതിപക്ഷ ഒളിച്ചോട്ടം ജനങ്ങള്‍ക്ക്‌ നേരെ ഉള്ള വെല്ലുവിളി ആണ്.


ഇറങ്ങി പോകുന്ന ഈ നിയമ സഭ അംഗങ്ങള്‍ പിന്നീടുള്ള സമയം തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ , രാഷ്ട്രീയ സംഘടനാ ആവശ്യങ്ങള്‍ക്കോ ഒക്കെ വേണ്ടി ചിലവിടുമ്പോള്‍ ആര് മണ്ടന്മാരായി. നികുതികളും , കരവും ഒക്കെ കൊടുത്തു ഇവരെ തീറ്റുന്ന പൊതുജനം?