Saturday, June 27, 2009

പാക്‌ ജയിലിലെ ഇന്ത്യന്‍ തടവുകാര്‍...

ശിക്ഷാ (?) കാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാന്‍ തടവറകളില്‍ കഴിയുന്ന 25 ഓളം തടവുകാര്‍ എന്ന് വെളിപ്പെടുത്തല്‍. ഇതൊരു പഴയ വാര്‍ത്ത ആണ്.ഇപ്പോളിതാ സബര്‍ജിത് സിംഗ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു.


പാകിസ്ഥാനിലെ കാട്ടുനീതി ഏകപക്ഷീയമായി കുറ്റവാളിയായി മുദ്ര കുത്തി , വധശിക്ഷ വിധിച്ച പാവം സബര്‍ജിത് സിംഗ് ചെയ്ത ഒരു കുറ്റം ഇന്ത്യക്കാരന്‍ ആയതാണ്, അടുത്ത കുറ്റം അയാള്‍ ഒരു ന്യൂനപക്ഷ വിഭാഗക്കാരന്‍ ആയില്ല എന്നതാണ്.1990 ഇല്‍ അറസ്റ്റ് ചെയ്ത സബര്‍ജിത് സിംഗ് കഴിഞ്ഞ 18 വര്‍ഷമായി പാക്‌ ജയിലില്‍ വധ ശിക്ഷയുടെ ഭീതിജനകമായ മനോവ്യാപാരങ്ങളില്‍ കഴിയുന്നു. അത് തന്നെ അതി ക്രൂരമായ ശിക്ഷ ആണ്.


ഒരു പക്ഷെ സബര്‍ജിതിന്റെ ജീവന്‍ വച്ച് വിലപേശാന്‍ പാകിസ്ഥാന്‍ കരുതുന്നുണ്ടാവും..


പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്‍സാര്‍ ബര്‍ണി മാത്രമേ ആഗ്രഹിക്കുന്നുള്ളോ സബര്‍ജിതിന്റെ മോചനം. ഇന്ത്യയിലെ കപട ന്യൂനപക്ഷ പ്രീണന ഭരണകൂടങ്ങള്‍ ഒന്നും ഈ പ്രശ്നത്തില് മാനുഷീക പരിഗണന പോലും കൊടുക്കുന്നില്ല. അവര്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നു.

നമ്മുടെ ഇന്ത്യന്‍ നിയമവ്യവസ്ഥ എത്രയോ ഉദാരം. ഇത്ര അധികം ഭീകര ആക്രമണങ്ങള്‍ നടന്ന ഇന്ത്യയില്‍ ഇന്ന് വരെ ആരെ എങ്കിലും തൂക്കില്‍ ഇട്ടതായി കേട്ടിട്ടില്ല.

സബര്‍ജിത് സിംഗിനെ കസബ്‌,അഫ്സല്‍ ഗുരു തുടങ്ങിയവരുമായി താരതമ്യം ചെയ്യുനത് പോലും പാപമാണ് എങ്കിലും...


"ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ക്ഷേത്രം ആയ പാര്‍ലമന്റ്‌ ആക്രമിച്ച ഗൂഡാലോചനയില് പങ്കാളി ആയ അഫ്സല്‍ ഗുരുവിനെ എങ്ങനെ രക്ഷിച്ചെടുക്കാം .. ഇന്ത്യയുടെ നെഞ്ചില്‍ വെടിയുതിര്‍ത്ത കസബിനെ എത്ര കാലം വി.ഐ.പി. ആയി കൊണ്ട് നടക്കാം.. "


ഇതൊക്കെ ആവട്ടെ നമ്മുടെ പ്രീണന നയങ്ങള്‍.

Thursday, June 25, 2009

യൂടൂബ്‌ HD വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം

ഒരിക്കല്‍ ആരുടെയോ കമന്റിനു മറുപടിയായി എങ്ങനെ യൂടൂബ്‌ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം എന്ന് പറഞ്ഞിരുന്നു. ആദ്യകാലത്ത് വന്നിരുന്ന യൂടൂബ്‌ വിഡിയോകള്‍ കുറഞ്ഞ റെസലൂഷന്‍ ആയിരിന്നു. പിന്നീട് ഹൈക്വാളിറ്റിയും(HQ) ഇപ്പോള്‍ ഹൈഡേഫനിഷനും(HD) വന്നു. നേരത്തെ നമ്മള്‍ ഉപയോഗിച്ചിരുന്ന ഡൌണ്‍ലോഡ് സൈറ്റില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആകുമെങ്കിലും വീഡിയോ നോര്‍മല്‍ ക്വാളിറ്റി ആയി ആണ് ഡൌണ്‍ലോഡ് ആയതു എന്ന് കാണാം. എന്നാല്‍ ഹൈഡെഫനിഷന്‍ വീഡിയോ ആയി തന്നെ ഡൌണ്‍ലോഡ് ചെയ്യണം എന്നുള്ളവര്‍ ശ്രദ്ധിക്കുക.

ഇതിനായി രണ്ടു ഓപ്ഷന്‍ ഇവിടെ കൊടുക്കുന്നു.

ഒന്ന് കീപ്‌ എച്.ഡി. എന്നുള്ള സൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ യൂ.ആര്‍.എല്‍. പേസ്റ്റ്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക.

അല്ലെങ്കില്‍ മോസ്സിലയില്‍ ഒരു ജാവാസ്ക്രിപ്റ്റ് ആഡ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക (ഞാന്‍ അതാണ് ഉപയോഗിക്കുന്നത്. എളുപ്പവും മികച്ചത് എന്ന് എനിക്ക് തോന്നിയതുമാണ് അത്.)

അതിനായി ആദ്യം ടൂള്‍ ബാറില്‍ റൈറ്റ്‌ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ന്യൂ ബുക്ക്‌ മാര്‍ക്ക്‌ സെലക്റ്റ്‌ ചെയ്യുക. അതില്‍ നേം എന്നുള്ളിടത്ത് ഡൌണ്‍ലോഡ് വീഡിയോ എന്നെഴുതുക.(ഇഷ്ടമുള്ളത് എഴുതാം) അതിനു ശേഷം ലോകെഷന്‍ എന്നുള്ളിടത്ത് ഈ സ്ക്രിപ്റ്റ് പേസ്റ്റ്‌ ചെയ്യുക.javascript:if(document.location.href.match(/http:\/\/[a-zA-Z\.]*youtube\.com\/watch/)){document.location.href='http://www.youtube.com/get_video?fmt=18&video_id='+swfArgs['video_id']+'&t='+swfArgs['t']}

അതിനു ശേഷം ആഡ് ചെയ്യുക. ഇനി യൂടൂബില്‍ എച്.ഡി. വീഡിയോ ഉള്ളപ്പോള്‍ ഈ ടൂള്‍ബാറിലെ ഡൌണ്‍ലോഡ് വീഡിയോ എന്നുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആകും. എച്.ഡി. വീഡിയോ(HD Videos - 720p or more) ഉണ്ടെങ്കില്‍ മാത്രമേ എച്.ഡി.വീഡിയോ ഡൌണ്‍ലോഡ് ആകൂ..

(എന്റെ ചെറിയ അറിവ്‌ നിങ്ങളുമായി പങ്കുവെയ്ക്കുന്നു എന്നുമാത്രം. പ്രോത്സാഹനം ഉണ്ടെങ്കില്‍ ഇതിനായി ഒരു ബ്ലോഗ്‌ തന്നെ തുടങ്ങിക്കളയാം. ഇപ്പോള്‍ ഇതാണല്ലോ ട്രെന്റ്)

Thursday, June 11, 2009

(ബ്രഹ്മാസ്ത്രം) ലാവലിന്‍ ‌എന്ന പറഞ്ഞു മടുത്ത കഥ!

ലാവലിന്‍ കേസിന്റെ നെറുകയിലാണ് ഇന്ന് കേരളം. വിവിധ തരം കഥകള്‍ ലാവലിനെ ചുറ്റിപറ്റി പല ഭാഗത്തു നിന്ന് പുറത്തു വന്നു കഴിഞ്ഞു. ഇനി അതിനെ കുറിച്ച് ബ്രഹ്മാസ്ത്രത്തിന് പ്രത്യേകിച്ച് എന്തെങ്കിലും നിരത്താനുണ്ടെന്ന് തോന്നുന്നില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പുതുമ നഷ്ടപ്പെട്ട ആ വിഷയത്തിലേക്ക് കൈകടത്തുന്നതില്‍ അര്‍ഥവുമില്ലെന്ന് ബ്രഹ്മാസ്ത്രം വിശ്വസിക്കുന്നു.

പിണറായി കുറ്റക്കാരനാവട്ടെ, അല്ലതാവട്ടെ... എണ്‍പത്തിയാറ് കോടി മോഷ്ടിച്ചതാവട്ടെ, അലിഞ്ഞു പോയതാവട്ടെ.... ലാവലിന്‍ കേസ് വിഭാഗതീയതയുടെ ഭാഗമാവട്ടെ, അല്ലാതാവട്ടെ.... ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയതാവട്ടെ, അഡ്വക്കേറ്റ് ജനറല്‍ ചെയ്തത് നിയമപരമായാവട്ടെ.... വഞ്ചിക്കപ്പെടുന്നത് സാധാരണ ജനങ്ങള്‍ ആണെന്നത് വസ്തുത.

പിണറായിയെ ന്യായീകരിച്ചും, അല്ലാതെയും കഥകള്‍ ധാരാളം. പിണറായി വിഭാഗം കണക്കുകള്‍ നിരത്തുമ്പോള്‍ അതാണ് ശരി എന്നു തോന്നും. അച്ചുതാനന്ദന്‍ കണക്കു നിരത്തുമ്പോള്‍ അവിടെ ന്യായം തോന്നും. ഉമ്മന്‍ ചാണ്ടി പറയുമ്പോള്‍ അവിടെ ന്യായം തോന്നാം. കാരണം നാക്കിനെല്ലില്ലാത്ത ജയരാ‍ജന്മാരും, സുധാകരന്മാരും, കുഞ്ഞാലിക്കുട്ടിമാരും അടക്കി വാഴുന്ന കേരളമെന്ന പ്രബുദ്ധത മുറ്റിപ്പോയ ദൈവത്തിനെ സ്വന്തം നാട്ടില്‍, ദൈവത്തിനേക്കാള്‍ വലിയ ആള്‍ ദൈവങ്ങള്‍ വാഴുന്ന സുന്ദര നാട്ടില്‍, ഇതല്ല ഇതിലപ്പുറവും നടക്കും അല്ലെങ്കില്‍ നടത്തിക്കും.

അന്തരിച്ച എ.കെ ജി യുടെ ശവകുടീരവും ഒരു പഴയ തറവാടും ഒരു സ്മാരകമായി ഇന്നും നിലകൊള്ളൂന്നു, വഴിവിട്ട് ഒന്നും സമ്പാദിച്ചില്ല എന്നതിന് തെളിവായി..... ഇ എം എസിന്റെ പിന്‍ തലമുറ അദ്ദേഹം പാര്‍ട്ടിക്കു തീഴെറുതിയ പരമ്പരാഗത സ്വത്തുക്കള്‍ ഓര്‍ത്ത് നെടുവീര്‍പ്പിടുന്നു..... പി കെ വാസുദേവന്‍ നായരും, നായനാരും തുടങ്ങി അഴിമതിക്കെതിരെ പടവാളോങ്ങി ജീവിതത്തില്‍ ഒന്നും നേടാനാവതെ തങ്ങളുടെ പിന്‍‌ തലമുറയെ ദുരിത കയങ്ങളിലേക്ക് തള്ളിയിട്ട ഒരു പിടി നേതാക്കള്‍ നയിച്ചിരുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് അഴിമതി നടത്തി സാധാരണക്കാരന്റെ ശതകോടികള്‍ കൊള്ളയടിച്ചിട്ടും ഒന്നും സംഭവിക്കാതെ മാണിയും, കരുണാകരനും, പിണറായിയും, കൊടിയേരിയും, ബാലകൃഷ്ണപിള്ളയും പോലുള്ള നാലാം കിട നേതാക്കന്മാരും വാഴുന്നതെന്നോര്‍ക്കുമ്പോള്‍ ലഞ്ജ തോന്നാതിരിക്കണമെങ്കില്‍ അവന്‍ ഒന്നുകില്‍ മന്ദബുഃദ്ധി ആയിരിക്കണം അല്ലെങ്കില്‍ മന്ദബുഃദ്ധി എന്നു പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത നശിച്ച എഴാം കൂലി രാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ചക്കാരനായിരിക്കണം.

ഇന്നിലെ ചില രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക നേതാക്കളിലേക്ക് നമുക്ക് ഒന്നു എത്തി നോക്കാം.... പഴയകാല ദിനേശ് ബീഡി തൊഴിലാളിയായ സഖാവ് പിണറായി വസിക്കുന്ന വീടിന് വില നിശ്ചയിക്കാന്‍ പ്രയാസം. പഴയ ചെണ്ടകൊട്ടുകാരനായ കരുണാകരന്‍ സ്വത്തിന്റെ കാര്യത്തില്‍ കിരീടം വെക്കാത്ത രാജാവ്. അണ്ടി പെറുക്കി നടന്ന, ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാതെ നടന്നിരുന്ന വെള്ളാപ്പള്ളി ഇന്നു മേഴ്സിഡീസ് ബെന്‍സ് ജനങ്ങളുടെ നെഞ്ചിലൂടെ പായിച്ചു കളിക്കുന്നു.. മന്നത്തു പദ്മനാഭന്റെ ഒഫീസില്‍ ചായ ഒഴിച്ചു കൊടുത്തു നടന്ന സുകുമാരന്‍ നായര്‍ ഇന്നു നായരെ നയിക്കുന്നു അതും തന്റെ കോടികള്‍ വിലയുള്ള സ്വത്തിന്റെ മുകളില്‍ അടയിരുന്നു കൊണ്ട്... അങ്ങനെ തുടങ്ങി “അ” എന്നു തികച്ച് എഴുതാന്‍ കഴിവില്ലാത്ത, ഒരു ഗതിക്കും പരഗതിക്കും വഴിയില്ലാതിരുന്ന പന്നിയുടെ തൊലിക്കട്ടി മാത്രം കൈമുതലായുള്ള അണ്ടനും, അടകോടനും വരെ കേരളത്തിലും സ്വിസ് ബാങ്കിലും കോടികള്‍..... ഇതെല്ലാം മാര്‍ക്ക്സും, ലെനിനും, ഗുരുവായൂരപ്പനും, ഈശോ മിശികായും, അള്ളായും സ്വര്‍ഗത്തില്‍ ഇരുന്നു വാരി അവരുടെ മടിയിലേക്ക് ഇട്ടു കൊടുത്തതാണെന്നു കൂടി എഴുതിയാല്‍ കീജെയ് വിളിക്കാന്‍ മാത്രം വായ തുറക്കുന്ന സാധാരണ ജനം വിശ്വസിക്കും, അവര്‍ കൈയ്യടിക്കും!

ഇനിയും നമ്മള്‍ ഇവരെ പ്രകീര്‍ത്തിച്ചു മുദ്രാവാക്യം വിളിക്കണം.... ഇല്ലെങ്കില്‍ അവര്‍ പിണങ്ങി ഈ അഴിമതി എങ്ങാനും നിര്‍ത്തിയാല്‍.....!!! ഹോ...അതാലോചിക്കാനെ കഴിയുന്നില്ല..... അഴിമതിയില്ലാത്ത ഒരു രാഷ്ട്രീയ നേതാവോ, മ്ലേച്ചം, അപലപനീയം!!

Thursday, June 4, 2009

മഴത്തുള്ളികള്‍

നാമം പോലെ നൈര്‍മ്മല്ല്യമുള്ള ബൂലോഗകൂട്ടായ്മ. പല ബൂലോഗ കൂട്ടായ്മകളും തെറിവിളികളും പാരവയ്പ്പുകളും കൊണ്ട് വിദ്വേഷങ്ങള്‍ വാരിച്ചൊരിയുമ്പോള്‍ തങ്ങളുടെ പ്രത്യേകമായ സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷം കൊണ്ടുതന്നെ വേറിട്ട്‌ നില്‍ക്കുന്നു മഴത്തുള്ളികള്‍. മലയാളത്തിലെ പല പ്രമുഖ ബ്ലോഗ്‌ എഴുത്തുകാരും ഇതില്‍ അംഗങ്ങള്‍ ആയിട്ടുണ്ട്‌. അതുകൊണ്ട് തന്നെ തെറി വിളിക്കാനും പ്രശ്നം സൃഷ്ടിക്കാനും മാത്രം അംഗങ്ങള്‍ ആവുന്നവര്‍ ഇവിടെയില്ല.

തങ്ങളുടെ കൃതികളെ നല്ല മനസ്സോടെ സ്വീകരിക്കുകയും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരന്തരീക്ഷമാണ് എഴുത്തുകാരന് വേണ്ടത്. മഴത്തുല്ലികളാവട്ടെ അതിനേറ്റവും അനുയോജ്യമായിടവും. തൊഴില്‍വാര്‍ത്തകള്‍ ,ബ്ലോഗ്‌ പോസ്റ്റുകള്‍,ചര്‍ച്ചകള്‍ മത്സരങ്ങള്‍ തുടങ്ങി മനസ്സിന് ആനന്ദവും അറിവും പകരുന്ന നിരവധി പംക്തികള്‍ കൊണ്ട് സമ്പുഷ്ടമാണ് മഴത്തുള്ളികള്‍. ഏകദേശം ആയിരത്തോളം അംഗങ്ങള്‍ ഇപ്പോള്‍ തന്നെ മഴത്തുള്ളികളില്‍ ഉണ്ട്.
എണ്ണത്തിന്റെ മികവിനെക്കാള്‍ ഗുണത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നതുകൊണ്ട് ഗുണവും മികവും പുലര്‍ത്താന്‍ മഴത്തുള്ളികള്‍ക്കാവുന്നുണ്ട്.

ഉപചാപവൃന്ദവും മണിയടിയും ഇല്ലാത്തതുകൊണ്ടാവം എല്ലാ മത്സരങ്ങളും നല്ല നിലവാരം പുലര്‍ത്തുന്നവ തന്നെ. ഇത്തരം കൂട്ടായ്മകള്‍ മലയാളികളെ ഇന്റെര്‍നെറ്റിന്റെ അപാര സാധ്യതകളിലേക്ക് അടുപ്പിക്കുക തന്നെചെയ്യും. മഴത്തുള്ളികള്‍ക്കു എല്ലാവിധ ആശംസകളും നേരുന്നു.

മഴത്തുള്ളികള്‍