Friday, October 23, 2009

യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും

ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നഗര മധ്യത്തിലെ ഒരു ട്രാഫിക്‌ പോസ്റ്റിനു മുകളില്‍ കെട്ടിയ ഏറുമാടത്തില്‍ യുവരാജന്റെ പള്ളിയുറക്കം.

ഏറുമാടത്തിലെ പരുപരുത്ത കിടക്ക വിട്ടു യുവരാജന്‍ എഴുന്നേറ്റു.
വല്ലാത്ത മൂത്ര ശങ്ക....
ഗോവണി വഴി താഴെ ഇറങ്ങി തൊട്ടടുത്ത പൊതു മൂത്രപ്പുരയില്ലേക്ക് ഓടി.

കാക്കി ഇട്ട ഭടന്മാരും, ഖദര്‍ ഇട്ട യുവഭടന്മാരും , ജീന്‍സ്‌ ഇട്ട പത്ര പടയും പുറകെ...
ഒരു രൂപ വരി കൊടുത്ത് യുവരാജന്‍ മൂക്ക് പൊതി കാര്യം സാധിച്ചു തിരിച്ചു വന്നു....

യുവ പടകള്‍ക്ക് രോമാഞ്ചം, ഉത്സാഹം
പായല് പിടിച്ചു വഴുകലുള്ള തറ ഉരച്ചു കഴുക്കുന്നു,കുമ്മായം കലക്കി ഭിത്തിയില്‍ പൂശുന്നു.

പത്ര പട തിരിഞ്ഞും മറിഞ്ഞും തല കുത്തി നിന്നും പടം പിടിക്കുന്നു.

യുവരാജന്‍ മുള്ളിയ മൂത്രപ്പുരയില്‍ മുള്ളാന്‍ ക്യൂ.
വരി ഒന്നില്‍ നിന്നും കൂടി നൂറായി.
എന്നിട്ടും ഒടുക്കത്തെ ക്യൂ. തൊട്ടടുത്ത ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് പോലും അതിഥികള്‍ ഇവിടെ വന്നു മൂത്രാന്‍ തുടങ്ങി.

ചാനലുകളില്‍ ലൈവ്. യുവകള്‍ എ,ബി,സീ ക്രമത്തില്‍ ഗ്രൂപ്പ്‌ യോഗം ചേര്‍ന്നു, ഒടുവില്‍ സംയുക്തമായി അമ്മ മഹാറാണി ക്ക് ഫാക്സ് അയക്കുന്നു. മുതു മുതു മുത്തച്ഛന്‍ രാജാവിന്റെ പേരില്‍ ഉള്ള 'ഗ്രാമീണ മൂത്രപ്പുര ഉദ്ധാരണ ഫണ്ട്‌' -ല്‍ നിന്നും തുക അനുവദിക്കുന്നു.

കാര്യങ്ങള്‍ മണത്തറിഞ്ഞ യു.കെ.ജി സെന്ററില്‍, മുണ്ടിന്റെ കോന്തല ഉയര്‍ത്തി ചുവപ്പന്മാര്‍ തെക്കുവടക്ക് നടന്ന് ആലോചന തുടങ്ങി.
പഞ്ചായത്തില്‍ ചുവപ്പ് ഭരണം.
'വിളിക്കെടാ പ്രസിഡന്റിനെ.'
ഫോണ്‍ കറക്കി, 'വരട്ടു വാദം പറഞ്ഞു മൂത്രപ്പുര പൂട്ടിക്കെടോ, അത് വല്ല പഞ്ച നക്ഷത്ര മൂത്രപ്പുരയും ആക്കി മുതു മുതു മുത്തച്ഛന്‍ രാജാവിന്റെ പേരും അവന്മാര്‍ ഇടും'

പ്രസിഡന്റും പരിസ്ഥിതി, മലിനീകരണ പരിവാരങ്ങളും മൂത്രപുരയ്ക്ക് അകവും പുറവും പരിശോധന തുടങ്ങി.

'കിട്ടിപോയി..'

ആളുകള്‍ ക്യൂ നിന്ന് മൂത്രാന്‍ തുടങ്ങിയപ്പോള്‍ ടാങ്ക് കവിഞ്ഞ് മൂത്രം തൊട്ടടുത്ത തോട്ടിലൂടെ പുഴയിലേക്ക്.

പരിസ്ഥിതി പ്രശ്നം, മലിനീകരണം, ചൊറിച്ചില്‍.

പൂട്ടെടാ ഈ മൂത്രപ്പുര.

മൂത്രപ്പുര പൂട്ടി.

കുറെ യുവകള്‍ അതിനു മുമ്പില്‍ സ്റ്റേജ് കെട്ടി റിലേ സത്യാഗ്രഹവും തുടങ്ങി.


യുവരാജന്‍ അപ്പോഴേക്കും അടുത്ത സമ്പര്‍ക്ക പരിപാടിയുമായി മുക്കുവരുടെ ഇടയിലേക്ക്.
അവിടെ ചെന്ന് കൊതുമ്പു വള്ളത്തില്‍ കടലില്‍ പോകാന്‍ മോഹം.

നേവി ഹെലികോപ്റ്റര്‍ അഞ്ചെണ്ണം മുകളില്‍ വട്ടമിട്ടു പറക്കുന്നു. രണ്ടു അന്തര്‍വാഹിനി കടലിനടിയില്‍ കറക്കം തുടങ്ങി. ഇരുനൂറു നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ എല്ലാ കപ്പലുകളും വഴിതിരിച്ചു വിട്ടു.

സ്പീഡ് ബോട്ടുകള്‍ വേറെ പുറകെ.

പത്ര പടയും സ്പീഡ് ബോട്ടില്‍. യുവരാജന്റെ കൊതുമ്പു വള്ള മീന്‍പിടിത്തം ചാനലുകളില്‍ ലൈവ്. ഒരു മൂന്നു മീന്‍ പിടിച്ചു യുവരാജന്‍ മടങ്ങി.

ആഹാ... ഇത് പോരെ ? നിര്ത്തുന്നു.

6 comments:

നരിക്കുന്നൻ said...

ഈ യുവരാജൻ വന്ന് കാട്ടിക്കൂട്ടിയ ഓരോ പുകിലേയ്.. :):):)

Irshad said...

അധികാരികള്‍ ജനങ്ങളുടെയിടയീളേക്കിറങ്ങാത്ത നാട്ടില്‍ ഇതൊക്കെയല്ലാതെ വേറെന്താ വലിയ സംഭവങ്ങള്‍....

കൂറിക്കു കൊണ്ടു..... തകര്‍ത്തുവാരി.....

ശ്രീ said...

:)

Junaiths said...

അടുത്തതായി പൊടിയാടി ഷാപ്പില്‍ കപ്പയും മീങ്കറിയും,വൈകിട്ട് താഹയുടെ തട്ടുകടയില്‍ നിന്നും പൊറോട്ടയും ബീഫ് വരട്ടിയതും..അമ്മച്ചി കൊടുത്തു വിട്ട കത്തിയും മുള്ളുമുപയോഗിച്ചു തന്നെ....

Pranavam Ravikumar said...

Vyathsthamaaya Anubhavam.. Nannaayi... Aashamsakal!

RAGHU MENON said...

a different approach to the political satire - my malayalam font has some prob. liked it